തൊടുപുഴ: മാർത്തോമാ ശ്ലീഹായുടെ 1950 ആം രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ചെറുപുഷ്പമിഷൻ ലീഗ് കോതമംഗലം രൂപത സമിതിയും മുതലക്കോടം മേഖലയും ചേർന്നൊരുക്കിയ അഖിലകേരള മാർഗം കളി മത്സരം 'മാർഗം @ 2k22' മുതലക്കോടം സെന്റ് ജോർജ് ഫോറോനാ ദേവാലയത്തിലെ പാരീഷ് ഹാളിൽ വച്ച് നടന്നു. മത്സരത്തിൽ കോട്ടയം രൂപത പുന്നത്തറ സെന്റ് തോമസ് ഗേൾസ് ഹൈസ്കൂൾ ഒന്നാം സ്ഥാനവും പാലാ രൂപത തീക്കോയി സെന്റ് മേരിസ് ഫൊറോന പള്ളി രണ്ടാം സ്ഥാനവും കോട്ടയം രൂപത കല്ലറ പഴയ പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും സ്കൂളുകളിൽ നിന്നും ടീമുകൾ പങ്കെടുത്തു. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളത്തിൽ വരികയും ക്രിസ്തുവിന്റെ സന്ദേശം ജനത്തെ അറിയിക്കുകയും ചെയ്ത തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം.
കോതമംഗലം രൂപത വികാരി ജനറൽ മോൺ. ഫ്രാൻസിസ് കീരംപാറ വിജയികൾക്ക് സമ്മാനം നൽകി. ചെറുപുഷ്പമിഷൻ ലീഗ് മുതലക്കോടം മേഖല ഡയറക്ടർ ബഹു. ജോർജ് തനത്തുപറമ്പിൽ, രൂപതാ ഡയറക്ടർ ബഹു. വർഗീസ് പാറമേൽ, മേഖലാ പ്രസിഡന്റ് അമൽ ഷാജി, മത്സരങ്ങളുടെ സ്പോൺസർ ടോം ജെ കല്ലറക്കൽ, രൂപതാ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
Comments